അല്ലാഹു; ഒറ്റവാക്കിലെ ഒരുപാടർത്ഥങ്ങളിലേക്കുള്ള പ്രവേശിക.
വിശ്വാസ ലോകത്തെ ഏറ്റവും പവിത്രവും വിസ്മയകരവുമായ പദമാണ് 'അല്ലാഹു' (الله). കേവലമൊരു നാമം എന്നതിലുപരി, അത് പ്രപഞ്ചാസ്തിത്വത്തിന്റെയും മനുഷ്യപ്രകൃതിയുടെയും ദൈവിക രഹസ്യങ്ങളുടെയും സംഗമസ്ഥാനമാണ്.
മനുഷ്യന്റെ ജൈവിക പ്രകൃതിയോട് (ഫിത്റ:) അങ്ങേയറ്റം ചേർന്നുനിൽക്കുന്ന പദമാണ് 'അല്ലാഹു' എന്നത്. ഒരാൾ പിറന്നുവീഴുമ്പോൾ ചെവിയിൽ ആദ്യം കേൾക്കുന്നതും (ബാങ്ക്), ഈ ലോകത്തോട് വിടപറയുമ്പോൾ അവസാനമായി ഉച്ചരിക്കേണ്ടതും (തഹ്ലീൽ) ഈ പരിശുദ്ധ നാമമാണ്. ശ്വാസനിശ്വാസങ്ങളുടെ സ്വാഭാവിക താളവുമായി ഈ പദം അലിഞ്ഞുചേർന്നിരിക്കുന്നു; 'അല്ലാഹു' എന്ന് ഉച്ചരിക്കുമ്പോൾ ശ്വാസം തടസ്സമില്ലാതെ പുറത്തേക്ക് വരുന്നു എന്നത് അതിന്റെ പ്രകൃതിപരമായ സവിശേഷതയാണ്. ശ്വസനമാണ് ജീവാധാരം. ശ്വസനത്തിനോട് സ്വരച്ചേർച്ചയുള്ള പദമാണ് അല്ലാഹ്. ഭൂഗോളത്തിന്റെ ഭ്രമണമനുസരിച്ച് ഒരിടത്ത് ബാങ്ക് അവസാനിക്കുമ്പോൾ മറ്റൊരിടത്ത് അത് തുടങ്ങുന്നു എന്നതിനാൽ, ഭൂമിയിൽ ഒരു സെക്കൻഡ് പോലും ഇടവേളയില്ലാതെ ഈ നാമം സദാ മുഴങ്ങിക്കൊണ്ടിരിക്കുന്നു. തൗഹീദിന്റെ ആധാരശിലയായ "ലാ ഇലാഹ ഇല്ലല്ലാഹ്" (لَا إِلَهَ إِلَّا الله) എന്ന വചനം പരിശോധിച്ചാൽ, അതിൽ 'അല്ലാഹു' എന്ന പദത്തിലെ അലിഫ് (ا), ലാം (ل), ഹാ (هـ) എന്നീ അക്ഷരങ്ങൾ മാത്രമാണ് ആവർത്തിച്ചു വരുന്നത് എന്ന് കാണാം. ഇത് ഏകദൈവ വിശ്വാസത്തിന്റെ ആത്യന്തികമായ പൂർണ്ണതയെയാണ് അടയാളപ്പെടുത്തുന്നത്. ഖുർആൻ സൂചിപ്പിക്കുന്നത് പോലെ, "അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടല്ലാതെ മനസ്സുകൾ ശാന്തമാവുകയില്ല" (സൂറഃ അർ-റഅ്ദ്: 28). മനുഷ്യന്റെ ആത്മാവിനും പ്രകൃതിക്കും ഇത്രമേൽ ഇണങ്ങിയ മറ്റൊരു പദം പ്രപഞ്ചത്തിലില്ല.
ആവർത്തനമൂല്യം
വിശുദ്ധ ഖുർആനിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട നാമമാണ് 'അല്ലാഹു'. 2704 തവണയാണ് الله, لللاه, اللهم എന്നീ പദരൂപങ്ങൾ ഖുർആനിൽ കടന്നുവരുന്നത്. ലോകത്തെ ഏതൊരു ക്ലാസിക് സാഹിത്യകൃതിയുടെയും പുറംചട്ടയിൽ അതിന്റെ രചയിതാവിന്റെ പേര് രേഖപ്പെടുത്താറുണ്ട്. എന്നാൽ ഖുർആന്റെ പുറത്ത് സ്രഷ്ടാവിന്റെ പേര് കാണാനാവില്ല; പകരം ഖുർആന്റെ അന്തർഭാഗത്ത് രണ്ടായിരത്തിലേറെ തവണ ആ നാമം ആവർത്തിക്കപ്പെടുന്നു. ഇത്രയധികം തവണ ഒരു നാമം ആവർത്തിക്കപ്പെട്ടിട്ടും വായനക്കാരനോ ശ്രോതാവിനോ യാതൊരു മടുപ്പും അനുഭവപ്പെടുന്നില്ല എന്നത് ഈ നാമത്തിന്റെ സവിശേഷമായ ആവർത്തന മൂല്യത്തെ (Repeating Value) സൂചിപ്പിക്കുന്നു. മറ്റേതൊരു ലോകക്ലാസിക് കൃതിക്കുള്ളിലും ഗ്രന്ഥകൃത്ത് സ്വന്തം നാമം ആവർത്തിച്ചാൽ വായനക്കാരന് അലോസരമായിരിക്കും അനുഭവം.
സൗന്ദര്യാത്മകത
ഈ നാമത്തിന്റെ ഗ്രാഫിക്കൽ ഘടനയും അതീവ സുന്ദരമാണ്. തൗഹീദിന്റെ വചനമായ 'ലാ ഇലാഹ ഇല്ലല്ലാഹ്' (لَا إِلَهَ إِلَّا الله) നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും ഒരു വര (അലിഫ്) കൊണ്ടാണ്. ലോകത്തെ എല്ലാ ഭാഷകളിലും 'അകാരം' ഉണ്ടാക്കാനും 'ഒന്ന്' എന്ന ആശയമുണ്ടാക്കാനും ഉപയോഗിക്കുന്ന അലിഫ്, ഈ വചനത്തിന്റെ അടിസ്ഥാനമാണ്. പ്രകൃതിയിലെ നെഗറ്റീവ്-പോസിറ്റീവ് ബൈനറി താളത്തിലാണ് ഇതിന്റെ ഘടന നിലകൊള്ളുന്നത്. ഇതിലെ 'ലാം' (ل) അലിഫിന്റെ ചിത്രവും പൂജ്യവുമാകുമ്പോൾ, അവസാനത്തെ 'ഹാ' (هـ) തുടക്കവും ഒടുക്കവുമില്ലാത്ത പൂർണ്ണതയെ അല്ലെങ്കിൽ ശൂന്യതയെ അടയാളപ്പെടുത്തുന്നു. ഖുർആനിൽ എവിടെ അലിഫ്, ലാം, ഹാ എന്നിവ വിന്യസിക്കപ്പെട്ടാലും അത് ഗ്രാഫിക്കലായി 'അല്ലാഹു' എന്ന് വായിക്കപ്പെടാൻ പാകത്തിലാണ് അതിന്റെ ആന്തരിക ക്രമീകരണം.
അതായത് ഖുർആനിൽ 52,655 തവണ അലിഫും 38102 തവണ ലാമും14,850 ഹാഉമാണ് ഉള്ളത്. ഈ അനുപാതം ഗ്രാഫാക്കി മാറ്റിയാൽ അത് അറബിയിൽ അല്ലാഹു എന്നെഴുതിയത് പോലുണ്ടാവും. ഇനി, ഒരധ്യായമോ ജുസ്ഓ എടുത്താൽ അതിലും ഈ മൂന്നക്ഷരങ്ങളുടെ അനുപാതം ഇവ്വിധമാവും.
"അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല" (لَا إِلَهَ إِلَّا هُوَ) എന്ന പ്രഖ്യാപനത്തിലൂടെ ഈ നാമം അതിന്റെ അദ്വിതീയമായ സൗന്ദര്യവും തത്വചിന്തയും ഒരേപോലെ വെളിപ്പെടുത്തുന്നു.
അനിതരത്വം
സ്രഷ്ടാവായ അല്ലാഹുവിന്റെ അനന്തമായ ഗുണവിശേഷണങ്ങളെ വെളിപ്പെടുത്തുന്നതാണ് അവന്റെ ഓരോ നാമവും. അവന് കാലമോ സ്ഥലമോ പരിമിതികളോ ബാധകമല്ല. ഖുർആനിലെ അതിപ്രധാനമായ ആയത്തുൽ കുർസിയിൽ (2:255) അല്ലാഹു തന്റെ ശക്തിവിശേഷങ്ങൾ എണ്ണിത്തുടങ്ങുന്നത് "അവനെ മയക്കമോ ഉറക്കമോ ബാധിക്കുകയില്ല" (لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ) എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. മനുഷ്യന്റെ അടിസ്ഥാനപരമായ പന്ത്രണ്ട് ചോദനകളിൽ (ഉറക്കം, ആഹാരം, വിസർജ്ജനം തുടങ്ങിയവ) ഒന്നാമത്തേതായ ഉറക്കം സ്രഷ്ടാവിന് ബാധകമല്ലെന്ന് പറയുന്നതിലൂടെ സൃഷ്ടിയിൽ നിന്നും സ്രഷ്ടാവിലേക്കുള്ള ദൂരം വ്യക്തമാക്കപ്പെടുന്നു. (ആൻ്റി ആന്ത്രോപോമോർഫിസം)
"അവനത്രെ ആദ്യനും അന്ത്യനും പ്രകടമായവനും ഒളിഞ്ഞിരിക്കുന്നവനും" (هُوَ الْأَوَّلُ وَالْأٓخِرُ وَالظَّٰهِرُ وَالظَّٰهَرُ - സൂറഃ ഹദീദ്) എന്ന വചനം അവന് പരിമിതികളില്ലെന്ന് ബോധ്യപ്പെടുത്തുന്നു. ചരിത്രത്തിൽ ഇന്നുവരെ മറ്റൊരു വ്യക്തിക്കോ വസ്തുവിനോ 'അല്ലാഹു' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനെ സംബന്ധിച്ച ഖുർആനിക പരാമർശം ഇപ്രകാരമാണ്: "ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവൻ; അതിനാൽ അവനെ ആരാധിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന് സമാനമായ നാമമുള്ള മറ്റാരെയെങ്കിലും നിനക്കറിയാമോ?" (هَلْ تَعْلَمُ لَهُ سَمِيًّا - സൂറഃ മറിയം 65). ഈ നാമം മറ്റാർക്കും നൽകപ്പെട്ടിട്ടില്ല എന്ന പണ്ഡിതന്മാരുടെ നിരീക്ഷണം അല്ലാഹു എന്ന നാമത്തിന്റെ അജയ്യമായ അദ്വിതീയതയെ (Uniqueness) വിളിച്ചോതുന്നു.
സാർവ്വജനീനത
അല്ലാഹു' എന്ന നാമം കേവലമൊരു ഗോത്രീയ നാമമല്ല, മറിച്ച് ചരിത്രാതീത കാലം മുതൽക്കേ മാനവരാശിക്ക് സുപരിചിതമായ ഒരു സാർവ്വലൗകിക പദമാണെന്ന് സെമിറ്റിക് ഭാഷാ പഠനങ്ങൾ (Comparative Semitic Linguistics) വ്യക്തമാക്കുന്നു. പുരാതന മെസൊപ്പൊട്ടേമിയൻ സംസ്‌കാരത്തിലെ അക്കേഡിയൻ ഭാഷയിൽ ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന'ഇലു' (ilu ) എന്ന പദവും,കനാന്യ ഭാഷകളിലെ 'എൽ' (El) എന്ന പദവും അല്ലാഹു എന്ന പദത്തിന്റെ ആദിമരൂപങ്ങളായി ഗവേഷകർ കണക്കാക്കുന്നു. സിറിയക്-അരാമിക് ഭാഷകളിൽ സ്രഷ്ടാവിനെ സംബോധന ചെയ്തിരുന്ന 'അലാഹാ' (Alaha - ܐܰܠܳܗܳܐ) എന്ന പദം ഉച്ചാരണത്തിലും പ്രയോഗത്തിലും അറബിയിലെ അല്ലാഹു എന്ന പദത്തോട് അങ്ങേയറ്റം സാമ്യമുള്ളതാണ്. യേശുക്രിസ്തു തന്റെ മാതൃഭാഷയായ അരാമിക് ഭാഷയിൽ ദൈവത്തെ വിളിക്കാൻ ഉപയോഗിച്ചതും ഈ പദരൂപത്തെത്തന്നെയായിരുന്നു. കൂടാതെ, ഹീബ്രു ബൈബിളിൽ ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 'എലോഹ്' (Eloah) എന്ന നാമം അറബിയിലെ 'ഇലാഹ്', 'അല്ലാഹു' എന്നീ പദങ്ങളുമായി ഒരേ ഭാഷാപരമായ വേരുകൾ പങ്കുവെക്കുന്നു. ഈ ഭാഷാപരമായ തുടർച്ച ഏകദൈവ വിശ്വാസത്തിന്റെ ചരിത്രപരമായ ഏകത്വത്തെയാണ് (Universal Similarity) അടിവരയിടുന്നത്. ഈ നാമത്തിന്റെ പദോൽപ്പത്തിയെക്കുറിച്ച് (Etymology) ഗഹനമായ നിരീക്ഷണങ്ങൾ വിശ്വാസശാസ്ത്ര പണ്ഡിതന്മാരും സൂഫിയാക്കളും പങ്കുവെച്ചിട്ടുണ്ട്. 'അലിഹ' (Aliha) എന്ന ക്രിയാരൂപത്തിൽ നിന്നാണ് 'ഇലാഹ്' എന്ന പദം രൂപപ്പെട്ടതെന്ന് ഭാഷാവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന് 'അങ്ങേയറ്റത്തെ സ്നേഹത്തോടെ അനുസരിക്കുക' ( احب و اطاع) എന്ന് അർത്ഥമുണ്ട്. ഇമാം ഖുശ്‌യരിയെയും ഇമാം ഗസാലിയെയും പോലുള്ള സൂഫി വര്യന്മാരുടെ അഭിപ്രായത്തിൽ, 'അല്ലാഹു' എന്ന നാമം കേവലം ഒരു അധികാരത്തെ മാത്രമല്ല, മറിച്ച് അടിമയും ഉടമയും തമ്മിലുള്ള തീവ്രമായ സ്നേഹബന്ധത്തെയും അരാധനയെയുമാണ് പ്രതിനിധീകരിക്കുന്നത്. 'തഹയ്യുർ' (അമ്പരപ്പ്) എന്ന പദവുമായി ഇതിനെ ബന്ധിപ്പിച്ചുകൊണ്ട്, ബുദ്ധിക്ക് എത്തിപ്പിടിക്കാനാവാത്ത വിധം അമ്പരപ്പിക്കുന്നവൻ എന്നാണ് 'അല്ലാഹു' എന്ന പദത്തിന്റെ പൊരുളെന്ന് ഇബ്നു അറബിയെപ്പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്. ഭയത്താലുള്ള കീഴടങ്ങലിനേക്കാൾ, പരമമായ സ്നേഹത്തിൽ നിന്നും ആത്മസമർപ്പണത്തിൽ നിന്നും (Devotion and Compassion) ഉടലെടുക്കുന്ന ആരാധനയെയാണ് ഈ നാമം ഉൾക്കൊള്ളുന്നത്.
പരിഭാഷ
അല്ലാഹു എന്ന പദത്തിന്റെ പരിഭാഷയായി ദൈവം എന്നു പ്രയോഗിക്കുന്ന പതിവ് മലയാളത്തില്‍ പൊതുവായുണ്ട്. ഭാഷാപരമായി അവാസ്തവം എന്നതിനേക്കാള്‍ ഗുരുതരമായ വിശ്വാസപരമായ പ്രശ്‌നം അവിടെയുണ്ട്. അതൊന്ന് പരിശോധിക്കാം. എല്ലാതരം ആരാധനകള്‍ക്കും സ്തുതിക്കും അര്‍ഹതയുള്ള അനിവാര്യ അസ്തിത്വത്തിന്റെ പേരാണ് അല്ലാഹു. അല്ലാഹുവിനു വ്യക്തിത്വമുണ്ട്. ഒരു ആളത്വത്തിന്റെ അസ്തിത്വത്തെ പ്രതിനിധീകരിക്കുന്ന Prop-er Noun (സംജ്ഞാനാമം) ആണ് അല്ലാഹു. ദൈവം വര്‍ഗമാണ്, ആളത്വമില്ലാത്ത ആശയം. വാചകങ്ങള്‍ പൂര്‍ണമാക്കാനുള്ള (ഉദാ: ദൈവം ഉന്നതനാണ്, ഉന്നതന്‍ ദൈവമാണ് തുടങ്ങിയ) ആഖ്യയും ആഖ്യാതവും മാത്രമാണ് ദൈവം എന്ന പദം. അതിനു വ്യക്തിത്വമില്ല. സംജ്ഞാനാമങ്ങള്‍ക്ക് പരിഭാഷ ഉണ്ടാവില്ല. അറേബ്യയിലുള്ള അബ്ദുല്ല കേരളത്തില്‍ ശിവദാസനോ കൃഷ്ണദാസനോ ആവില്ല, അബ്ദുല്ല തന്നെയാണ്. കേരളത്തിലെ രവിചന്ദ്രന്‍ അറേബ്യയിലെത്തിയാല്‍ ഹിലാലോ, ഖമറോ അതുമാവില്ല.
ദൈവം എന്ന വര്‍ഗനാമം കൊണ്ട് അല്ലാഹുവിനെ ഉദ്ദേശിച്ചാല്‍ മതിയോ, മതിയാവില്ലേ എന്നതിനെ സംബന്ധിച്ച വിശ്വാസശാസ്ത്ര മാനങ്ങള്‍ ഇവിടെ പറയുന്നില്ല. പ്രാഥമികമായി, ഇസ്‌ലാം ഏറ്റവും കണിശമായി ഉയര്‍ത്തിപ്പിടിക്കുന്ന തൗഹീദിനെ കുറിക്കാന്‍ ഒരിക്കലും വര്‍ഗനാമം പര്യാപ്തമാവില്ല. കൂടാതെ, അറബിഭാഷയിലെ നിര്‍ണിതാര്‍ഥ പദങ്ങളില്‍ ഒന്നാമത്തേതാണ് അല്ലാഹു എന്ന നാമം. അതേക്കുറിച്ച് അനിര്‍ണിതമായ ഇതരഭാഷാപദം ഉപയോഗിക്കുന്നത് ലക്ഷ്യവിരുദ്ധമാണ്. Elohim എന്ന ഹീബ്രു പദത്തിന്റെ അറബിയാണ് അല്ലാഹു എന്നതും ശരിയല്ല. കാരണം, Elohim എന്നതിന്റെ അര്‍ഥം ‘ദൈവങ്ങള്‍’ എന്ന ബഹുവചനമാണ്. Eloah എന്നതാണ് ഏകവചനം. El എന്നത് അവ്യയവുമാണ്. ദൈവം എന്ന വര്‍ഗനാമത്തെ കുറിക്കുന്ന Theos എന്ന ഗ്രീക്ക് പദമാണ് Elohim എന്നതിന്റെ പ്രാചീന പരിഭാഷ എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ട്രിനിറ്റി അഥവാ ത്രിത്വം എന്ന അബദ്ധവിശ്വാസം സ്ഥാപിക്കാന്‍ ക്രിസ്ത്യന്‍ കമാന്ററിക്കാര്‍ ചേര്‍ത്തുവച്ച ഇതുമായി ബന്ധപ്പെട്ട മറ്റൊരു കെണിയാണ്, ദൈവങ്ങള്‍ എന്നര്‍ഥമുള്ള Elohim എന്നാല്‍ മൂന്നു ദൈവങ്ങളുടെ ഏകകമായ യഹോവയാണ് എന്ന വാദം. വെള്ളത്തെ H2O എന്ന് രാസമൊഴിപ്പെടുത്താവുന്നതു പോലെയാണ് യഹോവ എന്നാണവര്‍ പറയുന്നത്. അതിന്റെ അറബി വേര്‍ഷനുകളില്‍ യഹോവയുടെ സ്ഥാനത്ത് അല്ലാഹു എന്നാണവര്‍ കൊടുക്കാറുള്ളത്. ഇതെന്താണ് കഥ എന്നറിയാത്ത മുസ്‌ലിം ഗവേഷകന്‍ യഹോവയുടെ അറബിയാണ് അല്ലാഹു എന്നു പറഞ്ഞ് മതമൈത്രിയുടെ വിഡിയോ ഇറക്കുന്ന കാലമാണിത്. പഴയ ജൂതര്‍ (മുസ്‌ലിംകള്‍) അല്ലാഹുവിനെ സംബന്ധിച്ച് Elohim എന്ന് വിളിച്ചിരുന്നുവെന്ന രേഖകള്‍ക്ക് മറ്റൊരു വിശദീകരണവുമുണ്ട്. ആധുനിക ക്രിസ്ത്യന്‍സിനെ പോലെ ബഹുദൈവ വിശ്വാസികളല്ല യഹൂദര്‍. എന്നിട്ടും അവര്‍ Elohim എന്ന ബഹുവചനം ഉപയോഗിച്ചത് respected plurel plenitude of mighty എന്ന അര്‍ഥത്തിലാണ്. ഏകസ്വത്വത്തെ മഹത്വപ്പെടുത്തി വാഴ്ത്താന്‍ ബഹുവചനം ഉപയോഗിക്കുന്ന രീതിയാണത്. മലയാളത്തില്‍ ‘ചട്ടമ്പിസ്വാമികള്‍’ പോലെ.
അല്ലാഹു എന്ന ഉച്ചാരണം മനുഷ്യരുണ്ടായത് മുതലുള്ളതാണ്. അറബീകരിക്കപ്പെട്ട, അറബിഭാഷയുണ്ടാകും മുമ്പേ മൊഴിയപ്പെട്ട സ്രഷ്ടാവിന്റെ അഭിധാനമാണ് അല്ലാഹു. ആ പദം തനി അറബിയാണെന്ന അഭിപ്രായപ്രകാരം, ജുര്‍ഹൂം ഗോത്രക്കാര്‍ക്ക് മുമ്പേയുള്ളവര്‍ക്ക് അല്ലാഹു എന്ന പദം പരിചയം കാണുമോ, അല്ലാഹുവിനു തനിക്ക് അങ്ങനെയൊരു പേരുള്ള കാര്യം അറിയാമോ എന്നൊക്കെയുള്ള യുക്തിവാദികളുടെ ചോദ്യങ്ങള്‍ അപ്രസക്തമാണ്. തനി അറബി തന്നെയാണെങ്കിലും ആ ഭാഷ ‘പിന്നീടായത് ‘ ഭൂമിയില്‍ മാത്രമാണ്. കാലപരിധി ബാധകമാവാത്ത അല്ലാഹുവിന് ‘പിന്നീട് ‘ ബാധകമല്ല, അവന്‍ ദിവ്യബോധനമായി പഠിപ്പിച്ച മനുഷ്യര്‍ക്കും. മേല്‍പ്പറഞ്ഞത് കേവലം മതാധീനമായ വ്യവഹാരതത്വമല്ല, മതാതീയ സാമൂഹിക രാഷ്ട്രീയ മാനങ്ങളും അവിടെ കാണാം. ഉദാഹരണമായി, ഭരണഘടനാ സ്ഥാപനങ്ങളുടെ ചുമതലയേല്‍ക്കുന്ന പ്രതിജ്ഞകള്‍ക്കൊടുവില്‍; ദൈവനാമത്തില്‍, അല്ലാഹുവിന്റെ നാമത്തില്‍ എന്നിങ്ങനെ രണ്ടു പ്രയോഗങ്ങള്‍ മുസ്‌ലിം പ്രതിനിധികള്‍ ചേര്‍ക്കാറുണ്ട്. ദൈവനാമത്തില്‍ എന്ന പ്രയോഗം ഭാഷാപരമായും വിശ്വാസപരമായും അപൂര്‍ണമോ പിഴവോ ആണ്.
പടച്ചവനും പടച്ചവളും
മുസ്‌ലിം പ്രൊഫൈലുകള്‍ ഉപയോഗപ്പെടുത്തുന്ന ചില യുക്തിവാദികള്‍ പ്രശ്‌നവല്‍ക്കരിക്കുന്നതാണ് ‘പടച്ചവന്‍’ എന്ന പുല്ലിംഗ പ്രയോഗം. മലയാള സാഹിത്യങ്ങളിലും കലാസൃഷ്ടികളിലും ‘പടച്ചവള്‍’ എന്ന തിരുത്തല്‍ പ്രയോഗം സാര്‍വത്രികമായിത്തുടങ്ങുന്നുമുണ്ട്. അല്ലാഹു പുരുഷനോ സ്ത്രീയോ അല്ല. പലരും വിചാരിക്കുന്നതു പോലെ അല്ലാഹു എന്ന അറബി പദത്തിന്റെ മലയാള സാരമല്ല പടച്ചവന്‍ എന്നത്. ‘ഖാലിഖ് ‘ എന്ന അറബിപദത്തിന്റെ അര്‍ഥമാണ് പടച്ചവന്‍. ‘ഫാത്വിര്‍, മുബ്ദിഅ’ എന്നീ പദങ്ങളുടെ സാരങ്ങളിലും പൂര്‍ണമായല്ലെങ്കിലും പടച്ചവന്‍ എന്ന മലയാളാര്‍ഥം വരുന്നുണ്ട്. ഖാലിഖ് എന്ന പദം ഭാഷാപരമായി വിശേഷണം ആണ്. അതനുസരിച്ച് ഖാലിഖ് എന്നതിനെ മലയാളീകരിച്ചാല്‍ ‘പടച്ചവന്‍’ എന്നാണ് വരിക, ‘പടച്ചവള്‍’ എന്നു വരില്ല. ഖാലിഖ് ഭാഷാപരമായി പുല്ലിംഗമാണ്.
ഈ ഭാഗം പറയുമ്പോള്‍ ഇസ്‌ലാം നേരിടുന്ന ആക്ഷേപമായ Male cetnrism ഇല്ലെന്നാക്കാന്‍ അല്ലാഹു എന്ന പദവും അവനെ കുറിക്കുന്ന സര്‍വനാമങ്ങളും ഖുര്‍ആനിക പൊതുസംബോധനകളും neutral gender ആണെന്നാണ് പലരും പറഞ്ഞും എഴുതിയും കാണുന്നത്. പക്ഷേ, ആ അഭിപ്രായം ശരിയാവണമെന്നില്ല. കാരണം അറബിഭാഷയില്‍ ന്യൂട്രല്‍ ജെന്‍ഡര്‍ എന്ന ഒരു കാറ്റഗറി ഇല്ല. ഫ്രഞ്ച് ഒഴികെയുള്ള ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളില്‍ മൂന്ന് ജെന്‍ഡറുകളുണ്ട്. എന്നാല്‍ സെമിറ്റിക് അറബി, അംഹറിക്, അറാമിക്, ഹീബ്രു, ട്രിഗിനിയന്‍ ഭാഷകളില്‍ ന്യൂട്രല്‍ ജെന്‍ഡര്‍ എന്നൊന്നില്ല. പ്രധാനമായും അചേതന വസ്തുക്കളെ കുറിക്കാനാണ് മറ്റുഭാഷകളില്‍ ന്യൂട്രല്‍ ജെന്‍ഡര്‍ കാറ്റഗറി. അത്തരം പദങ്ങള്‍ അറബിയില്‍ ഒന്നുകില്‍ പുല്ലിംഗമോ (മുദക്കര്‍) അല്ലെങ്കില്‍ സ്ത്രീലിംഗമോ (മുഅന്നഥ് ) തന്നെയാണ്. പ്രാപഞ്ചികാധീതത്വമുള്ള അല്ലാഹുവിനു വര്‍ഗം ചാര്‍ത്തുന്നത് ശരിയാണോ എന്ന തോന്നലാണ് പ്രശ്‌നം. Masculine എന്നു പറഞ്ഞാല്‍ നിരുപാധികം പുരുഷജഡികത്വം എന്നല്ല അര്‍ഥം. അത് പദാര്‍ഥബന്ധിതമായ വാക്കല്ല. ഭാഷാബന്ധിതമായ സാങ്കേതികപദമാണ്. ആണ്‍, പുരുഷന്‍ എന്ന Concrete ഉടലിനെയല്ല Masculine സൂചിപ്പിക്കുന്നത്. Feminine എന്നു പറഞ്ഞാല്‍ Female പെണ്ണ് എന്ന ജഡികയുമല്ല. നാമവാക്കുകളിലെ സ്ത്രീത്വമാണ് ഉദ്ദേശ്യം. അങ്ങനെയല്ലെങ്കില്‍ സ്ത്രീലിംഗം എന്നല്ല, സ്ത്രീയോനി എന്നു പറയേണ്ടിവരും. സ്ത്രീ ലൈംഗികാവയവമുള്ള വസ്തുവിനെയും ഇല്ലാത്ത വസ്തുവിനെയും അറബിയിലെ സ്ത്രീഭാഷാലിംഗം ഉള്‍ക്കൊള്ളുന്നുണ്ട്.
എന്നാലും ഒരു സംശയം ബാക്കിയുണ്ടാവാം. അല്ലാഹു എന്നതിനെ സ്ത്രീലിംഗത്തിലും പെടുത്താമായിരുന്നല്ലോ എന്ന്. ഭാഷാമൊഴികള്‍ രൂപപ്പെട്ടതിനു ശേഷമാണ് നിയമങ്ങള്‍ ഉണ്ടായത്. അതനുസരിച്ച്, പുല്ലിംഗപദത്തില്‍ നിന്നാണ് പൊതുവെ അറബിയില്‍ സ്ത്രീലിംഗ പദമുണ്ടാക്കുന്നത്. ഇതിനു പുരുഷനില്‍ നിന്നാണ് സ്ത്രീ ഉണ്ടാവുന്നത് എന്നല്ല അര്‍ഥം. അങ്ങനെ വന്നാലും വിശാലാര്‍ഥത്തില്‍ കുഴപ്പമില്ല എന്നത് മറ്റൊരു കാര്യം. അപ്പോള്‍, അല്ലാഹു എന്ന നാമത്തെ അടിസ്ഥാന ശബ്ദമായ പുല്ലിംഗത്തില്‍ പെടുത്തുകയായിരുന്നു.
ഗുണങ്ങൾ
അല്ലാഹുവിനെക്കുറിച്ച് ഒരു വിശ്വാസി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗുണവിശേഷണങ്ങളെ ഇസ്‌ലാമിക വിശ്വാസശാസ്ത്ര പണ്ഡിതന്മാർ പ്രധാനമായും നാല് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. അതിൽ ഒന്നാമത്തേത് അല്ലാഹുവിന്റെ അസ്തിത്വത്തെ മാത്രം സൂചിപ്പിക്കുന്ന സ്വിഫത്തുന്നഫ്‌സിയ്യ (الصفات النفسية - Essential Attribute) ആണ്. ഇതിൽ വുജൂദ് (الوجود - Wujud) എന്ന ഒരു വിശേഷണം മാത്രമാണുള്ളത്. അല്ലാഹു ഉണ്ട് എന്നത് മാറ്റമില്ലാത്ത സത്യമാണെന്നും അവൻ ഇല്ലാതിരിക്കുക എന്നത് അസാധ്യമാണെന്നും ഇത് വ്യക്തമാക്കുന്നു.
രണ്ടാമത്തെ വിഭാഗം സ്വിഫാത്തുസ്സൽബിയ്യ (الصفات السلبية - Negating Attributes) ആണ്. അല്ലാഹുവിന് ഉണ്ടാകാൻ പാടില്ലാത്ത കുറവുകളെയും സൃഷ്ടിപരമായ പരിമിതികളെയും നീക്കം ചെയ്യുന്ന അഞ്ച് ഗുണങ്ങളാണിവ. സ്രഷ്ടാവിന് പ്രാരംഭമില്ലെന്ന് വ്യക്തമാക്കുന്ന ഖിദം (القدم), അവൻ കാലാതീതനായി എന്നെന്നും നിലനിൽക്കുന്നു എന്ന് പഠിപ്പിക്കുന്ന ബഖാഅ് (البقاء), രൂപത്തിലോ ഭാവത്തിലോ ഒരു സൃഷ്ടിയോടും അവൻ തുല്യനല്ലെന്ന് ഉറപ്പിക്കുന്ന മുഖാലഫത്തുൻ ലിൽ ഹവാദിസ് (مخالفته للحوادث), നിലനിൽപ്പിന് മറ്റാരുടെയും സഹായം ആവശ്യമില്ലാത്ത ഖിയാമുഹു ബി നഫ്‌സിഹി (قيامه بنفسه), സത്തയിലും ഗുണങ്ങളിലും പ്രവർത്തനങ്ങളിലും അവൻ ഏകനാണെന്ന് പ്രഖ്യാപിക്കുന്ന വഹ്ദാനിയ്യത്ത് (الوحدانية) എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.മൂന്നാമതായി അല്ലാഹുവിന്റെ സത്തയിൽ സ്ഥിരപ്പെട്ട പൂർണ്ണതയുടെ ആന്തരിക ഗുണങ്ങളെ കുറിക്കുന്ന ഏഴ് വിശേഷണങ്ങളാണ് സ്വിഫാത്തുൽ മആനി (صفات المعاني - Qualitative Attributes). സർവ്വശക്തിയെ സൂചിപ്പിക്കുന്ന ഖുദ്‌റത്ത് (القدرة ), ദൈവിക ഇച്ഛയായ ഇരാദത്ത് (الإرادة), സർവ്വജ്ഞാനമായ ഇൽമ് (العلم), നിത്യജീവനടയാളമായ ഹയാത്ത് (الحياة), സർവ്വവും ഗ്രഹിക്കുന്ന സംഅ് (السمع), സർവ്വസാക്ഷിയായ ബസ്വറ് (البصر), ശബ്ദമോ അക്ഷരങ്ങളോ ഇല്ലാത്ത ദൈവിക സംസാരമായ കലാം (الكلام) എന്നിവയാണവ.
നാലാമത്തെ വിഭാഗമായ സ്വിഫാത്തുൽ മഅ്‌നവിയ്യ (الصفات المعنوية - Relational Attributes) മേൽപറഞ്ഞ 'മആനി' എന്ന ഗുണങ്ങൾ അല്ലാഹുവിൽ സദാ നിലനിൽക്കുന്നു എന്ന് സ്ഥിരീകരിക്കുന്ന ഏഴ് അവസ്ഥകളാണ്. കഴിവുള്ളവനായിരിക്കൽ (كونه قادراً), ഉദ്ദേശിക്കുന്നവനായിരിക്കൽ (كونه مريدا), അറിയുന്നവനായിരിക്കൽ (كونه عالماً), ജീവനുള്ളവനായിരിക്കൽ (كونه حياً), കേൾക്കുന്നവനായിരിക്കൽ (كونه سامعاً), കാണുന്നവനായിരിക്കൽ (كونه بصيراً),
സംസാരിക്കുന്നവനായിരിക്കൽ (كونه متكلماً)
എന്നിവയിലൂടെ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങൾ പൂർണ്ണത കൈവരിക്കുന്നു.
ആന്ത്രോമോർഫിസം
ഖുർആനിലെ 'ആന്ത്രോപോമോർഫിക്' (Anthropomorphic) വചനങ്ങളെ ആധാരമാക്കി അല്ലാഹുവിനെ പദാർത്ഥബന്ധിതമായി മനസ്സിലാക്കുന്ന ഇസ്ലാമികഭൗതികവാദത്തെ (Islamic Materialism) കടുത്ത പിഴവാണ്. ദ്രവ്യാതീതമായ സ്രഷ്ടാവും തൻസീഹുമാണ് ശരി.ഭൗതികവാദം പ്രപഞ്ചത്തെ കേവലം ദ്രവ്യമായി (Matter) മാത്രം ദർശിക്കുമ്പോൾ, സ്രഷ്ടാവ് ദ്രവ്യത്തിനും അതിന്റെ ഗുണഗണങ്ങൾക്കും അതീതനാണെന്ന 'തൻസീഹ്' (Transcendence) എന്ന തത്വത്തിലൂന്നിയാണ് ഈമാനിക ദർശനം തലയുയർത്തി നിൽക്കുന്നത്. സ്രഷ്ടാവ് ഒരു ദ്രവ്യമോ (جسم), ദ്രവ്യത്തെ ആശ്രയിച്ചുനിൽക്കുന്ന ഗുണമോ (عرض), ഭൗതികമായ ഒരു മൂലകമോ (جوهر) അല്ലെന്ന് ഇത് ഉറപ്പിച്ചു പറയുന്നു. "അവന് തുല്യമായി യാതൊന്നുമില്ല" (لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ) എന്ന ഖുർആനിക പ്രമാണം, അല്ലാഹു സൃഷ്ടികളോട് ഉപമിക്കുന്ന ശൈലിയെയും (التشبيه) അവന് ഭൗതിക രൂപം നൽകുന്ന വാദങ്ങളെയും നിശ്ശേഷം നിരാകരിക്കുന്നു. ഭൗതികമായ 'എങ്ങനെ' (كيف) എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്നതിലൂടെ, പ്രപഞ്ചനാഥൻ ഭൗതിക നിയമങ്ങളുടെ തടവറയ്ക്ക് അപ്പുറമാണെന്ന് ഇത് സമർത്ഥിക്കുന്നു. ഇതിനെ സാധൂകരിച്ചുകൊണ്ട് ഇമാം അബൂ ഹനീഫ(റ) തന്റെ 'അൽ-ഫിഖ്ഹുൽ അക്ബറിൽ' കുറിക്കുന്നത് പോലെ, "സ്രഷ്ടാവിന്റെ ഗുണങ്ങൾ സൃഷ്ടികളുടേത് പോലെയല്ല. അവൻ അറിയുന്നു, എന്നാൽ നമ്മുടെ അറിവ് പോലെയല്ല; അവൻ കഴിവുള്ളവനാണ്, എന്നാൽ നമ്മുടെ കഴിവ് പോലെയല്ല; അവൻ കാണുന്നു, എന്നാൽ നമ്മുടെ കാഴ്ച പോലെയല്ല."
വഹ്ദതുൽ വുജൂദിനെ അദ്വയ്തവുമായി സമീകരിക്കാൻ ശ്രമിക്കുന്നവരുടെ ധാരണപ്പിശക് ഇവിടെയാണ്. ജീവാത്മാവും പരമാത്മാവും തമ്മിലെ സംലയന സിദ്ധാന്തപ്രകാരം,
പദാർത്ഥങ്ങളിൽ ദിവ്യാംശം കൽപ്പിക്കുന്നത് അല്ലാഹുവിൻ്റെ അടിസ്ഥാന ഗുണത്തെ നിഷേധിക്കലാണ്.
പ്രഛന്ന നാസ്‌തികതയുടെ ആത്മീയതത്വമാണ് അദ്വൈയ്തവാദം .
ആന്ത്രോപോമോർഫിക്കായ രൂപകങ്ങളിലെ അല്ലാഹുവിനെ അക്ഷരത്തിനപ്പുറത്തെ ആന്തരാർത്ഥം (തഅ്‌വീൽ)നൽകി വായിക്കണമെന്നതാണ് മറ്റൊരുനയം.
ഖുർആനിക സൂക്തങ്ങളിലെ ശാരീരിക പദപ്രയോഗങ്ങളെ അക്ഷരാർത്ഥത്തിൽ ഒതുക്കാതെ, അവയ്ക്ക് ഭാഷാപരമായ ആഴവും വ്യാപ്തിയുമുള്ള അർത്ഥതലങ്ങൾ നൽകുന്ന 'തഅ്‌വീൽ' (Interpretation) എന്ന രീതിയാണ് ഇവിടെ സ്വീകരിക്കപ്പെടുന്നത്. ഉദാഹരണത്തിന്, "അല്ലാഹുവിന്റെ കൈ അവരുടെ കൈകൾക്ക് മീതെയുണ്ട്" (يَدُ اللَّهِ فَوْقَ أَيْدِيهِمْ) എന്ന വചനത്തിലെ 'കൈ' (اليد) എന്നത് ഒരു ശാരീരിക അവയവമല്ല, മറിച്ച് സ്രഷ്ടാവിന്റെ അനന്തമായ കരുത്തിനെയും (القدرة) സംരക്ഷണത്തെയുമാണ് അടയാളപ്പെടുത്തുന്നത്. അതുപോലെ 'മുഖം' (الوجه) എന്നത് അവന്റെ സത്തയെയും (الذات), സിംഹാസനത്തിൽ 'ഇരുന്നു' (الاستواء) എന്നത് പ്രപഞ്ചത്തിന്മേലുള്ള അവന്റെ അപ്രതിരോധ്യമായ ആധിപത്യത്തെയുമാണ് (الاستيلاء) അർത്ഥമാക്കുന്നത്. ഭൗതികവാദികൾ ഇത്തരം പദങ്ങളെ കേവലം ശാരീരികമായി വ്യാഖ്യാനിച്ച് പരിഹസിക്കാൻ തുനിയുമ്പോൾ, അവ മനുഷ്യബുദ്ധിക്ക് അജ്ഞാതമായ പാരമ്യ സത്യങ്ങളെ ലളിതമായി മനസ്സിലാക്കിക്കൊടുക്കാനുള്ള രൂപകങ്ങൾ മാത്രമാണെന്ന് ഈ വിശ്വാസശാസ്ത്രം ബോധ്യപ്പെടുത്തുന്നു. മനുഷ്യരോട് സംസാരിക്കുന്ന ഗ്രന്ഥത്തിൽ മനുഷ്യർക്ക് മനസ്സിലാവുന്ന രൂപകങ്ങൾ കൊണ്ടുവന്നതാണ് അത്തരം പരാമർഷങ്ങൾ.
തങ്ങൾക്കുമുള്ള അവയവങ്ങൾ പറഞ്ഞ് അതിൻ്റെ പരിമിതികളറിയുമ്പോഴാണ് പരിമിതികളില്ലാത്ത അല്ലാഹുവിൻ്റെ കഴിവുകളുടെ അപരിമേയത തൊട്ടറിയാനാവൂ .
'ഹു'വിൽ നിന്ന് 'അൻത'യിലേക്ക്
അല്ലാഹു എന്ന നാമത്തിന്റെ പൊരുൾ തേടിയുള്ള യാത്ര കേവലമൊരു അറിവന്വേഷണമല്ല, മറിച്ച് 'അവൻ' (ഹു - هُوَ) എന്ന അദൃശ്യനായ സ്രഷ്ടാവിൽ നിന്നും 'നീ' (അൻത - أَنْتَ) എന്ന അഭിമുഖീകരിക്കപ്പെടുന്ന പ്രിയപ്പെട്ടവനിലേക്കുള്ള ആത്മീയ പ്രയാണമാണ്. സൂഫി ചിന്താധാരയിൽ ഈ പരിവർത്തനം ഒരു വിശ്വാസിയുടെ മഅ്രിഫത്തിന്റെ (ദൈവിക ജ്ഞാനം) പരമകാഷ്ഠയെ അടയാളപ്പെടുത്തുന്നു."അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ലെന്ന് നീ അറിഞ്ഞുകൊള്ളുക" (فاعلم انه لا اله الا الله) എന്ന ഖുർആനിക കല്പനയിൽ 'അറിയുക' (ഇൽമ്) എന്നത് വെറുമൊരു വിവര ശേഖരണമല്ല, മറിച്ച് ഹൃദയത്തിൽ ജ്വലിക്കുന്ന സ്നേഹാനുഭൂതിയാണ്.
യൂനുസ് നബി (അ) പ്രയാസങ്ങളുടെ കടലാഴങ്ങളിൽ വെച്ച് വിളിച്ചത് "നീ അല്ലാതെ യാതൊരു ഇലാഹുമില്ല, നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അതിക്രമകാരികളിൽ പെട്ടുപോയിരിക്കുന്നു" (لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ) എന്നാണ്. ഇവിടെ ദൈവത്തെ 'നീ' എന്ന് അഭിസംബോധന ചെയ്യുന്നതിലെ ആത്മബന്ധവും സ്വന്തം വിനയവുമാണ് രക്ഷാകവചമായത്. ഇതിനു വിപരീതമായി, ഫിർഔൻ മുങ്ങിമരിക്കാറായപ്പോൾ നടത്തിയ പ്രഖ്യാപനം വെറും ഭയത്തിൽ നിന്നും നിസ്സഹായാവസ്ഥയിൽ നിന്നും ഉണ്ടായതായിരുന്നു. അവിടെ സ്നേഹത്തിന്റെയോ സമർപ്പണത്തിന്റെയോ നനവില്ലാത്തതിനാൽ ആ വചനങ്ങൾ സ്വീകരിക്കപ്പെട്ടില്ല.
കടാഹകടാക്ഷം
ഇസ്ലാമിക് കോസ്മോളജി പ്രകാരം പ്രപഞ്ചം മുഴുവൻ ഈ നാമത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിതരാണ്. "സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പർവ്വതങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരിലധികവും അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുന്നു" (സൂറഃ അൽ-ഹജ്ജ്:18) എന്ന വചനം ഈ നാമത്തിന്റെ പ്രപഞ്ചാധിപത്യത്തെയാണ് വിളിച്ചോതുന്നത്. അല്ലാഹുവിന്റെ അത്യുന്നതമായ നാമത്തിൽ (അൽ-ഇസ്മുൽ അഅ്ലം) പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗവാതിലുകൾ തുറക്കപ്പെടുമെന്ന് പ്രവാചകൻ പഠിപ്പിച്ചു.
ആത്മീയതയുടെ തുലാസിൽ ഈ നാമത്തിന്റെ കനം അളക്കാനാവാത്തതാണ്. പർവ്വതസമാനമായ പാപങ്ങളുമായി നിൽക്കുന്ന വിശ്വാസിക്ക്, ആത്മാർത്ഥമായി ഉച്ചരിച്ച 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ചെറിയൊരു കാർഡ് (ഹദീസുൽ ബതാഖ) പാപങ്ങളുടെ 99 ഫയലുകളേക്കാൾ ഭാരമേറിയതാകുമെന്ന് പ്രവാചക വചനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. "അല്ലാഹുവിലേക്ക്മാത്രം സ്വയമുയരുന്നത് പരിശുദ്ധമായ വചനങ്ങളും സൽകർമ്മങ്ങളുമാണ്" (إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ)എന്ന സൂക്തം (സൂറഃ ഫാത്വിർ: 10), ഈ നാമം മനുഷ്യനെ ഭൗതികതയുടെ ചെളിക്കുണ്ടുകളിൽ നിന്നും ആത്മീയതയുടെ വിണ്ണിലേക്ക് ഉയർത്തുന്നതിനെ എത്ര മനോഹരമായാണ് ചിത്രീകരിക്കുന്നത്!
വാഴ്ക
"അഹദായ ഖാലിക്കായോൻ അരുളാലെ ലോകം അഖിലവും പടച്ചോൻ വാഴ്ക...
അർഷും കുറശും അതിലൊള്ള ഖൽക്കും
അറിയോൻ വാഴ്ക സുബ്ഹാനല്ലാഹ്..."
(മോയിൻകുട്ടി വൈദ്യർ)

Loading comments...
Leave a Reply