പ്രജ്ഞക്കും പ്രമാണത്തിനും മധ്യേയാണ് ഇസ്ലാമിൻ്റെ ഫിലോസഫിക്കൽ റാഡിയസ്.
നബി ( സ്വ ) പൂർത്തീകരിച്ച് തന്ന് സ്വഹാബികളും താബിഉകളും അഇമ്മതും പ്രബോധനം ചെയ്തും ക്രോഡീകരിച്ചും വ്യവസ്ഥപ്പെടുത്തിയ ഇസ്ലാമിൻ്റെ യഥാർത്ഥ മുഖമാണ് അഹലുസ്സുന്ന : വൽ ജമാഅ .
വിശ്വാസപരമായി നമ്മുടെ മുമ്പിൽ രണ്ട് വഴികളാണ് ഉള്ളത് . അശ്അരീ സരണിയും മാതുരുദീ സരണിയും.
കർമ്മ ശാസ്ത്രപരമായും നമുക്ക് മദ്ഹബുകൾ ഉണ്ട്.
ക്രോഡീകൃതമായ നാല് മദ്ഹബുകൾ - മാലികീ , ഹനഫീ ശാഫീ , ഹമ്പലീ ധാരകൾ - എല്ലാം ശരിയാണ് . കേരളീയ മുസ്ലിംകളിൽ ഭൂരിഭാഗവും വിശ്വാസ ശാസ്ത്രപരമായി അശ്അരികളും കർമ്മപരമായി ശാഫീ മദ്ഹബുകാരുമാണ്.
ഖുർആൻ , ഹദീസ് , ഇജ്മാഅ് , ഖിയാസ് എന്നിവയാണ് നമ്മുടെ അടിസ്ഥാന പ്രമാണങ്ങൾ . എന്നാൽ , കേവലം ഭാഷാ പരിജ്ഞാനമോ ഗ്രന്ഥഗ്രഹണ പാടവമോ ഉണ്ടെന്ന് കരുതി നമുക്കാർക്കും സ്വന്തമായി പ്രമാണങ്ങൾ വ്യാഖ്യാനിക്കാനോ മതനിയമങ്ങൾ ഉണ്ടാക്കാനോ അർഹതയില്ല .
അബൂൽഹസൻ അശʿഅരി رحمه الله – പരിചയം
أبو الحسن علي بن إسماعيل بن إسحاق بن سالم بن إسماعيل الأشعري رحمه الله (260 هـ – 324 هـ / CE 874 – 935)
എന്ന മഹാപണ്ഡിതൻ ഇറാഖിലെ ബസ്റയിൽ ജനിക്കുകയും ബഗ്ദാദിൽ അന്തരിക്കുകയും ചെയ്തു. യുക്തി ചിന്തക്ക് അമിത സ്ഥാനം നൽകി ഇസ്ലാമിനെ യുക്തിവാദത്തിലേക്ക് നയിച്ച മുഅ്തസിലീ സിദ്ധാന്തങ്ങൾക്കെതിരായി ക്രോഡീകരിക്കപ്പെട്ടതാണ് അശ്അരീ ചിന്താധാര .
الإبانة عن أصول الديانة , مقالات الإسلاميين واختلاف المصلين , اللمع في الرد على أهل الزيغ والبدع
തുടങ്ങി ധാരാളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട് .
الإمام البيهقي, الإمام الجويني (إمام الحرمين), الإمام الغزالي,الإمام فخر الدين الرازي, الإمام السنوسي رحمهم الله
തുടങ്ങിയ മഹാ പണ്ഡിതന്മാർ ഇമാം അശ്അരി ( റ ) യുടെ വിശ്വാസ വഴി സ്വീകരിച്ചവരാണ് . മുസ്ലിം ലോകത്തിൻ്റെ മുഖ്യധാര അശ്അരീ സരണിയാണ് .
അഹ്ലുസ്സുന്ന : വൽ ജമാഅ :
1 : അസ്സുന്ന :
ഖുർആനും, പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജീവിതചര്യയും (സുന്നത്ത്) ആണ് അഹ്ലുസ്സുന്നയുടെ പ്രഥമ , പ്രധാനമാർഗ്ഗം. ഖുർആനിൻ്റെ ഏറ്റവും ബൃഹത്തായ വിശദീകരണമാണ് നബി ( സ്വ ) യുടെ ജീവിതം . വാക്ക് , പ്രവർത്തി , സമ്മതം എന്നിങ്ങനെ നബവീ ജീവിതത്തിൻ്റെ സമാഹാരമാണ് സുന്നത്ത്.
അത് പിമ്പറ്റുന്നവരാണ് أهل السنة.
അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ ۖ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
( النساء : 59)
"സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക; റസൂലിനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടായാൽ - നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ - അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. അതാണ് ഉത്തമവും മെച്ചപ്പെട്ട പര്യവസാനമുള്ളതും."
റസൂൽ(സ്വ) പറഞ്ഞു:
ഞാൻ നിങ്ങൾക്ക് രണ്ട് കാര്യങ്ങൾ വിട്ടുപോകുന്നു; അവ രണ്ടും മുറുകെ പിടിച്ചാൽ നിങ്ങൾ ഒരിക്കലും വഴിതെറ്റുകയില്ല: അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ സുന്നത്തും." (മുസ്ലിം)"
ഖുർആനിലെ വ്യക്തമായ സൂക്തങ്ങളെ അതേപടി സ്വീകരിക്കുകയും, അവ്യക്തമായ സൂക്തങ്ങളെ വിശദീകരിക്കുന്നതിന് സുന്നത്തിനെ ആശ്രയിക്കുകയും ചെയ്യുന്നു. ബുദ്ധിപരമായ ന്യായവാദങ്ങളേക്കാളും വ്യക്തിപരമായ അഭിപ്രായങ്ങളേക്കാളും അവർ പ്രാധാന്യം നൽകുന്നത് ഖുർആനിനും സുന്നത്തിനുമാണ്.
2. അൽ ജമാഅ - الجماعة :
സച്ചരിതരായ സ്വഹാബികളുടെ കൂട്ടായ്മയാണ് അൽ ജമാഅ: . അഇമ്മതിൻ്റെ ഇജ്മാഇൻ്റെ (إجماع الأئمة) നെയും ആ പദം കുറിക്കുന്നു.
പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളായ സ്വഹാബികൾ ഇസ്ലാമിനെ എങ്ങനെ മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്തു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഖുർആനിന്റെയും സുന്നത്തിന്റെയും ഏറ്റവും ആധികാരികമായ വ്യാഖ്യാനമായി സ്വഹാബികളുടെ വാക്കുകളും പ്രവർത്തികളും പരിഗണിക്കപ്പെടുന്നു. അല്ലാഹു പറയുന്നു:
كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ ۚ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ
( آل عمران : 110)
"മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് വന്ന ഏറ്റവും ഉത്തമമായ സമൂഹം നിങ്ങളാകുന്നു. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരം വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു."
قال النبي ﷺ:
فعليكم بسنتي وسنة الخلفاء الراشدين المهديين من بعدي، تمسكوا بها، وعضوا عليها بالنواجذ
(رواه أبو داود والترمذي )
" നിങ്ങൾ എൻ്റെ ചര്യ സ്വീകരിക്കണം , എനിക്ക് ശേഷം സൻമാർഗികളും നേർവഴി കാട്ടികളുമായ എൻ്റെ പ്രതിനിധികളുടെ ചര്യ സ്വീകരിക്കണം . നിങ്ങളത് മുറുക്കിപ്പിടിക്കണം , അണപ്പല്ലിനാൽ കടിച്ച് പിടിക്കണം "
ഇസ്ലാമിലെ നവീനവാദവും പ്രചരണങ്ങളും (البدعة المنكرة) എത്രമാത്രം ഗൗരവപാപമാണെന്ന് മേൽ വചനങ്ങളുടെ സ്വഭാവം വ്യക്തമാക്കിത്തരുന്നുണ്ട്.
ആദ്യത്തെ മൂന്ന് തലമുറയിലെ വിശ്വാസികൾ (സ്വഹാബികൾ, താബിഉകൾ, താബിഉത്താബിഉകൾ) സലഫുസ്സ്വാലിഹീൻ എന്ന് അറിയപ്പെടുന്നു. ഇവരുടെ വിശ്വാസപരമായ അടിത്തറയും കർമ്മപരമായ രീതികളും അഹ്ലുസ്സുന്നക്ക് മാതൃകയാണ്. പ്രവാചകൻ(സ) പറഞ്ഞു:
خيرُ الناسِ قرني، ثم الذين يلونهم، ثم الذين يلونهم
(البخاري و مسلم )
"ഏറ്റവും നല്ല തലമുറ എന്റെ തലമുറയാണ്, പിന്നീട് അവരെ പിന്തുടരുന്നവർ, പിന്നീട് അവരെ പിന്തുടരുന്നവർ." (ബുഖാരി, മുസ്ലിം)
ദീനിന്റെ കാര്യങ്ങളിൽ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനെയും (ബിദ്അത്ത്) സലഫിൻ്റെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കുന്നതിനെയും അവർ ശക്തമായി എതിർക്കുന്നു.
റസൂൽ (സ) പറഞ്ഞു:
فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ، وَخَيْرَ الْهَدْيِ هَدْيُ مُحَمَّدٍ ﷺ، وَشَرَّ الأُمُورِ مُحْدَثَاتُهَا، وَكُلُّ مُحْدَثَةٍ بِدْعَةٌ، وَكُلُّ بِدْعَةٍ ضَلَالَةٌ، وَكُلُّ ضَلَالَةٍ فِي النَّارِ.
(حديث صحيح – رواه مسلم)
"കാര്യങ്ങളിൽ ഏറ്റവും മോശമായത് പുതുതായി ഉണ്ടാക്കപ്പെട്ടവയാണ്; എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടവയും ബിദ്അത്താണ്; എല്ലാ ബിദ്അത്തും വഴികേടാണ്; എല്ലാ വഴികേടും നരകത്തിലാണ്." (മുസ്ലിം)
അശ്അരീ സരണി
സത്യം കണ്ടെത്താനും വിധി തീർപ്പാക്കാനുമുള്ള ജ്ഞാന മാധ്യമങ്ങൾ ഏതൊക്കെയാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?
ചില ഉദാഹരണങ്ങൾ നോക്കൂ ;
നിങ്ങളാരെങ്കിലും അൻ്റാർട്ടിക്ക കണ്ടിട്ടുണ്ടോ ? ഇല്ല എന്നതാവും ഉത്തരം . പക്ഷെ ഭൂമിയിലെ ഒരു വൻകരയാണ് അൻ്റാർട്ടിക്ക എന്ന് നാം വിശ്വസിക്കുന്നു.
കാരണം , അസത്യമാവാൻ ന്യായമില്ലാത്ത വിധം പ്രചരിപ്പിക്കപ്പെടുന്ന പൊതുവൃത്താന്തമാണത്.
അരിസ്റ്റോട്ടിൽ എന്നൊരു ചിന്തകൻ ജീവിച്ചിരുന്നുവെന്നതിൻ്റെ തെളിവ് ചോദിച്ചാലും അത് തന്നെയാവും ഉത്തരം.
Valid Testimony എന്ന് അതിനെ കുറിച്ച് പറയാം .
അതേ സമയം , നിശ്ചിത തോത് സമ്പത്ത് സ്വന്തമായി നിശ്ചിത കാലം ഉടമപ്പെടുത്തിയ കക്ഷി അതിൻ്റെ നിശ്ചിത വിഹിതം പാവങ്ങൾക്ക് സകാത് നൽകണം എന്നത് പോലോത്ത കാര്യങ്ങളുടെ തെളിവ് ഖുർആനും സുന്നത്തുമാണെന്ന് നമുക്കറിയാം . റമദാൻ 29 ന് മഗ്രിബിന് ശേഷം ഖാദിമാർ ഈദുൽ ഫിത്വർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ കാരണം എന്താണ് ?
സ്വീകാര്യമായ നിലയിൽ ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ പശ്ചിമ ചക്രവാളത്തിൽ അമ്പിളിക്കല കണ്ണ് കൊണ്ട് കണ്ടു എന്നതാണപ്പോൾ തെളിവ് .
ചുരുക്കത്തിൽ , പഞ്ചേന്ദ്രിയങ്ങൾ അഥവാ حسيات ( ദർശനം , ശ്രവണം , ഘ്രാണം , രസനം , സ്പർശനം) വഴിയുള്ള അറിവും യുക്തിചിന്തയും മതപരമായ പ്രമാണങ്ങളും നമുക്ക് തെളിവുകളാവും എന്ന് മനസിലാക്കാം. ഇവയെ ആകെക്കൂട്ടി പറഞ്ഞാൽ മതപരമായ രേഖകളും ( نقل) സ്വന്തമായ യുക്തിയും ( عقل ) ആണ് തെളിവുകളുടെ ആധാരം എന്ന് ചുരുക്കാം . نقل എന്നതിനെ وحي മുഖേനെ സ്ഥാപിതമായ തത്വങ്ങളും അതിൻ്റെ വിശദീകരണങ്ങളും എന്ന് മനസ്സിലാക്കാം.
ഇത്തരം കാര്യങ്ങളടക്കം ജ്ഞാനത്തിൻ്റെ ഇനങ്ങളും ലക്ഷ്യങ്ങളും മാധ്യമങ്ങളും ചർച്ച ചെയ്യുന്ന വിജ്ഞാന മീമാംസയാണ് Epistamology .
അശ്അരീ ധാര - അതായത് നമ്മുടെ വിശ്വാസമനുസരിച്ച് عقل നേക്കാൾ സ്ഥാനം نقل നാണ് . എന്നാൽ عقل ൻ്റെ സ്ഥാനം ഒട്ടും കുറക്കുന്നില്ല താനും. وحي ൻ്റെ വകയായി വികസിച്ച നിയമ - വിശ്വാസ തത്വങ്ങൾ കണിശമായ നിബന്ധനകൾ ഒത്ത കൈമാറ്റ പരമ്പര വഴിയാണ് നമുക്ക് ലഭിച്ചത്. ആ കൈമാറ്റ ശൃംഖലയ്ക്കാണ് سند എന്ന് പറയുന്നത്. അത്തരം കാര്യങ്ങൾ خبر متواتر/ آحاد തുടങ്ങി വ്യത്യസ്ത പദവികളിൽ ഉള്ളതാണ്.
മറ്റുപല പിഴച്ച വിഭാഗങ്ങളും نقل നേക്കാൾ മനുഷ്യൻ്റെ പരിമിതമായ عقلന് സ്ഥാനം നൽകി ഇസ്ലാമിനെ വികലമാക്കിയ രീതികളും അവർക്കുള്ള അശ്അരികളുടെ റദ്ദുകളും മുതിർന്ന ക്ലാസുകളിൽ പഠിക്കാം .
ബുദ്ധി , وحي മനസ്സിലാക്കാനുള്ള ഉപകരണമാണ് .
العقل آلة لفهم النقل، لا حاكم عليه
എന്നതാണ് അശ്അരീ തത്വം .
قال الإمام الغزالي رحمه الله: "العقل كالأساس، والنقل كالبناء، ولا غنى لأحدهما عن الآخر."
(الإقتصاد في الاعتقاد)
النقل مقدّم في الغيبيّات.
മരണാനന്തര ജീവിതം , മാലാഖ , ആത്മാവ് , സ്വർഗ - നരക പരലോക വിഷയങ്ങൾ തുടങ്ങിയ അതിഭൗതിക (Metaphysical) വിഷയങ്ങൾ وحي മുഖേനെ മനസ്സിലാക്കേണ്ടതാണ് . എന്നാൽ , وجود الله അഥവാ അല്ലാഹുവിൻ്റെ ആസ്തിക്യവും അതോടനുബന്ധിച്ച കാര്യങ്ങളും ബുദ്ധി കൊണ്ട് തന്നെ കണ്ടെത്താവുന്നതാണ്.
"أول واجب على المكلّف النظر المؤدّي إلى العلم بوجود الله"
( ابو اسحاق ابراهيم الشيرازي رحمه الله. اللمع )
قال الإمام الجويني رحمه الله: النظر المؤدي إلى العلم بوجود الله فرض على كل مكلف.
(الإرشاد)
എങ്ങിനെ വന്നാലും , യുക്തിചിന്തയും ഇസ്‌ലാമിലെ സ്ഥാപിത نقل ഉം എതിരായി വന്നാൽ നിരുപാധികം نقل അംഗീകരിച്ചേ മതിയാവൂ.
മറ്റു ചില അടിസ്ഥാന അശ്അരീ - അഹ്ലുസ്സുന്ന തത്വങ്ങൾ നോക്കൂ ;
അല്ലാഹുവിൻ്റെ തനതായ ഏകത്വം .التوحيد
മറ്റു ചില പിഴച്ച വിഭാഗങ്ങൾ ചെയ്തത് പോലെ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തൽ , വിശേഷണങ്ങൾ നിഷേധിക്കൽ ( التشبيه والتعطيل ) തുടങ്ങിയ രീതികളെ അശ്അരീ മദ്ഹബ് തള്ളിക്കളഞ്ഞു .
الحياة، العلم، القدرة، السمع، البصر, الكلام, الإرادة
എന്നീ നിർബന്ധ ഗുണങ്ങൾ അല്ലാഹുവിനുണ്ട് . ഗുണങ്ങൾ മആനി , മഅ്നവീ (المعاني و المعنوي ) എന്നിങ്ങനെ തരം തിരിക്കപ്പെട്ടിരിക്കുന്നു. മുകളിൽ എണ്ണിയ 7 വിശേഷണങ്ങൾ അല്ലാഹുവിൻ്റെ ذات ൻ്റെ ഭാഗമാണ് , അനാദിയാണ് . അതാണ് المعاني ആയ സ്വിഫതുകൾ .
അവയുടെ പ്രതിഫലനം ഉണ്ടാകുമാറ് അല്ലാഹു അവയോരോന്നും ആവുക , ഉദാഹരണത്തിന് ان يكون حيا എന്നാണ് المعنوي ആയ സ്വിഫതുകൾ എന്നതിൻ്റെ ചെറുവിവക്ഷ.
قال الإمام الأشعري رحمه الله: نُثْبِتُ لله ما أثبته لنفسه، وننفي عنه ما نفاه عن نفسه، بلا تشبيه ولا تعطيل.
(الإبانة عن أصول الديانة)
അൽ-കസ്ബ് (الكسب) മധ്യമ സിദ്ധാന്തം.
ജബരിയ്യത് جبرية , ഖദരിയ്യത് قدرية , മുഅതസിലത് معتزلة തുടങ്ങിയ പല പിഴച്ച വിഭാഗങ്ങളും വിധിവിശ്വാസവുമായി ബന്ധപ്പെട്ട് തികച്ചും തെറ്റായ വാദങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി .
മനുഷ്യന് സ്വന്തമായ ഇച്ഛ ( Freewill ) ഒട്ടും ഇല്ല എന്നതാണ് جهم بن صفوان എന്ന കക്ഷി നേതൃത്വം നൽകി ജബ്രിയ്യ വാദം .
മനുഷ്യൻ പൂർണ്ണമായും സ്വതന്ത്രനാണ് എന്നാണ് معبد الجهني നേതൃത്വം നൽകിയ ഖദ്രിയ്യ വാദം .വിപരീതം കൊണ്ടുള്ള നാമകരണം ( - التسمية بالعكس) ആണ് ഈ വിഭാഗത്തിൻ്റെ പേര്. തീവ്രബുദ്ധിവാദമായ മുഅ്തസിലിസം ( وصل بن عطاء ൻ്റെ കക്ഷികൾ ) മനുഷ്യർ സ്വതന്ത്രകർത്താക്കളാണ് , മനുഷ്യരുടെ കർമ്മങ്ങളിൽ അല്ലാഹുവിന് പങ്കില്ല -أعمال الإنسان كلها من فعله، وليس لله فيها تدخل مباشر -
എന്ന അപകടകരമായ വാദം ഉന്നയിച്ചു. ഈ വാദങ്ങളെല്ലാം വിശുദ്ധ ഖുർആനിൻ്റെ ധാരാളം വചനങ്ങൾക്കെതിരാണ് . അവിടെ മനുഷ്യന് Freewill അഥവാ الكسب والإختيار ഉണ്ട് , എന്നാൽ അതടക്കമുള്ള കർമ്മങ്ങൾ അല്ലാഹു خلق ചെയ്യുകയാണ് എന്ന ശരിയായ സന്തുലിത വീക്ഷണമാണ് അശ്അരീ വീക്ഷണം , അതാണ് ഇസ്ലാമിക വീക്ഷണം . മനുഷ്യന് സാധ്യമാവുന്ന അളവിൽ മാത്രമേ അല്ലാഹുവിൻ്റെ നിയമശാസന (تكليف) കീർത്തിക്കപ്പെടുകയുള്ളൂ എന്നും അഇമ്മത് കുട്ടിച്ചേർക്കുന്നു.
.......
قال الإمام أبو حامد الغزالي رحمه الله
فَانْظُرِ الآنَ إِلَى أَهْلِ السُّنَّةِ كَيْفَ وُفِّقُوا لِلسَّدَادِ، وَرُشِّحُوا لِلِاقْتِصَادِ فِي الِاعْتِقَادِ، فَقَالُوا: *القَوْلُ بِالْجَبْرِ مَحَالٌ بَاطِلٌ، وَالقَوْلُ بِالِاخْتِرَاعِ (التفويض الكامل) اقْتِحَامٌ هَائِلٌ، وَإِنَّمَا الحَقُّ إِثْبَاتُ القُدْرَتَيْنِ عَلَى فِعْلٍ وَاحِدٍ، وَالقَوْلُ بِمَقْدُورٍ مَنْسُوبٍ إِلَى قَادِرَيْنِ… ( الإقتصاد في الاعتقاد)
قال الإمام الغزالي رحمه الله
فكل ما هو كائن، فهو بخلق الله واختراعه، لا خالق سواه، ومع ذلك فالكافر بكفره مختار، والعاصي بمعصيته مختار، إذ ليس يقع شيء من أفعال العباد إلا وقد خلقه الله، ولكن خلقه عند كسبهم واختيارهم، لا بمجرد الإرادة والاضطرار.
(إحياء علوم الدين)
قال الإمام أبو بكر الباقلاني رحمه الله
إنّ أفعال العباد مخلوقة لله تعالى، محدثة بإحداثه، ولا يقدر أحد على خلق فعلٍ، ولكنّهم كاسبون لها، والله خلقها عند كسبهم.
( تمهيد الأوائل وتلخيص الدلائل )
നാം നേരത്തെ ചർച്ച ചെയ്ത നവനാസ്തികരിൽ പെട്ട പല പ്രമുഖരും മനുഷ്യന് Freewill ഇല്ല എന്ന ജബ്‌രിയ്യ വാദം തന്നെയാണ് ഉന്നയിക്കുന്നത് എന്നത് വിചിത്രം തന്നെ .
നവനാസ്തിക പ്രചാരകൻ SAM HARIS തൻ്റെ FREWILL ൽ എഴുതുന്നു :
" we do not have the freedom we think we have. free will is actually more than an illusion in that it cannot be made conceptually coherent. either our wills are determined by prior causes and we are not responsible for them or they are the product of chance and we are not responsible for them. if a man’s choice to shoot the president is determined by a certain pattern of neural activity which is in turn the product of prior causes,perhaps an unfortunate coincidence of bad genes, an unhappy childhood, lost sleep, and cosmic ray bombardment. "
അതായത് , ഏതാണ്ടെല്ലാ പുതിയ കാലത്തെ ആലോചനാ വൈകല്യങ്ങളും പഴയ കാലത്ത് പറഞ്ഞ് പരാചയപ്പെട്ട തത്വങ്ങളുടെ നവഭാഷ്യങ്ങൾ മാത്രമാണെന്ന് നിരീക്ഷിച്ചാൽ മനസ്സിലാവും .
മറ്റുചില അടിസ്ഥാന അശ്അരീ തത്വങ്ങൾ ഹൃസ്വമായി വായിക്കാം ,
*ഇമാൻ - الإيمان എന്നാൽ تصديق بالجنان + إقرار باللسان എന്ന തത്വമാണ് നമ്മുടെ വിശ്വാസം.പ്രവൃത്തികൾ ഇമാനിന്റെ ഫലങ്ങൾ മാത്രമാണ്, അതിന്റെ ഘടകമല്ല.
* വൻപാപം ചെയ്തവർ അക്കാരണത്താൽ കാഫിറാവില്ല . വൻ പാപങ്ങളെ ഹലാലാക്കിയാൽ മതഭൃഷ്ട് സംഭവിക്കും .
ഖവാരിജുകൾ വൻ പാപികളെ കാഫിറുകളാക്കിയിരുന്നു .
മുഅ്തസിലികൾ അവരെക്കുറിച്ച് لا مؤمن ولا كافر എന്ന വിചിത്രമായ ഒരു വാദം ഉന്നയിച്ചു .
*പ്രവാചകത്വം - الرسالة : പ്രവാചകന്മാർക്ക് അല്ലാഹു പാപസുരക്ഷിതത്വം (العصمة) നൽകിയിട്ടുണ്ട്. വഹ്യിൻ്റെ കാര്യത്തിൽ അവർക്ക് പിഴവോ മറവിയോ സംഭവിച്ചിട്ടില്ല.
* ഖുര്‍ആൻ - അല്ലാഹുവിൻ്റെ كلام അനാദിയാണ് , قديم . അനശ്വരമാണ് . ഖുർആൻ غير مخلوقة ആണ്. മുഅ്തസിലികൾ ഉയർത്തിയ ഖുർആൻ സൃഷ്ടിവാദത്തെ അശ്അരിയ്യത് ബൗദ്ധികമായി മാത്രമല്ല , ജീവത്യാഗം ചെയ്ത് തന്നെ പ്രതിരോധിക്കുകയുണ്ടായി.
قال الإمام الباقلاني رحمه الله: القرآن صفة من صفات الله، ليس بمخلوق.
(التمهيد)
*ശ്രവണവിഷയങ്ങൾ - السمعيات:
അദൃശ്യമായ عذاب القبر، الشفاعة، الميزان، الصراط، الجنة، النار...
തുടങ്ങിയ കാര്യങ്ങൾ വാസ്തവങ്ങളാണ് .
വ്യക്തിഗതമായി മാറുന്ന , പരിമിതമായ മനുഷ്യയുക്തി വെച്ച് അവയെ വിശകലനം ചെയ്യുന്നത് അപൂർണ്ണമാണ്.
രിസാലത് : ബോധ്യപ്പെട്ടാൽ ബാക്കിയെല്ലാം ബോധ്യമാവും .
* അസാധാരണ സംഭവങ്ങൾ -خوارق العادات
പ്രകൃതിനിയമങ്ങൾ എന്ന് നാം വിളിക്കുന്ന സാധാരണ അനുഭവങ്ങൾ അങ്ങിനെത്തന്നെ തുടരലും ആവർത്തിക്കലും നിർബന്ധമല്ല , അവ കേവലം പതിവ് മാത്രമാണ് . പതിവിന് വിപരീതമായി കാര്യങ്ങൾ സംഭവിക്കും .സൂക്ഷ്മമോ സ്ഥൂലമോ ആയ യാതൊരു അസ്ഥിത്വത്തിനും സ്വന്തമായ നിലയിൽ ഒരു കഴിവും ഇല്ല.
എല്ലാം കഴിവും അല്ലാഹുവിന് മാത്രമാണ് ، أنَّ الْقُوَّةَ لِلَّهِ جَمِيعًا.
ജീവികൾ സ്വയം പരിണമിക്കുന്നില്ല . പ്രകൃതി ഒന്നും സ്വയം തിരഞ്ഞെടുക്കുന്നില്ല .പ്രകൃതി നിയമങ്ങൾ അല്ലാഹുവിൻ്റെ സംവിധാനങ്ങളാണ്. അല്ലാഹു പരിണാമങ്ങൾ ഉണ്ടാക്കുന്നു . തെരെഞ്ഞെടുപ്പ് നടക്കാനുള്ള കാര്യകാരണങ്ങൾ രൂപീകരിക്കുന്നു . അഗ്നി സ്വന്തമായി കരിക്കുന്നില്ല . വെള്ളം സ്വന്തമായി നനക്കുന്നില്ല . എല്ലാം അതത് നിമിഷാംശങ്ങളിൽ അല്ലാഹു സൃഷ്ടിക്കുകയാണ് .
അല്ലാഹുവിന് അഗ്നി കൊണ്ട് തണുപ്പ് നൽകാനാവും . വെള്ളം കൊണ്ട് കരിക്കാനാവും . ഇത്തരം അസാധാരണ സംഭവങ്ങൾ അമ്പിയാക്കൾ വഴി മുഅ്ജിസത്തായും ഔലിയാക്കൾ വഴി കറാമതായും അല്ലാഹു വെളുപ്പെടുത്തിയിടുണ്ട്, ഇനിയും വെളിപ്പെടുത്താം .
* ഖിലാഫത്ത് - الخلافة : ആദ്യത്തെ നാല് ഖിലാഫ : ക്രമം ശറഈ തീരുമാനമാണ് . അവർ ആർക്കും പിഴച്ചിട്ടില്ല . സ്വർഗം കൊണ്ട് സന്തോഷവാർത്ത ലഭിച്ച സ്വഹാബികളടക്കം ഒരാളെയും ആക്ഷേപിക്കാൻ പാടില്ല .
ശേഷമുള്ള ഖിലാഫത് അഖീദയുടെ ഭാഗമല്ല , ഇസ്‌ലാമിൻ്റെ സാമൂഹിക വ്യവഹാര സംവിധാനമാണ്. അതിന് ഫിഖ്ഹീ ചട്ടങ്ങളും നിയമങ്ങളുമുണ്ട് .
مُحَمَّدٌ رَسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنْجِيلِ ۚ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُمْ مَغْفِرَةً وَأَجْرًا عَظِيمًا*
( الفتح : 29)
"മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതനാണ്. അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കഠിനഹൃദയരും, അവർക്കിടയിൽ കരുണയുള്ളവരുമാകുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടി അവർ കുമ്പിട്ടും സുജൂദ് ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തിലെ അവരുടെ ഉപമ. ഇൻജീലിലെ അവരുടെ ഉപമ ഇങ്ങനെയാണ്: ഒരു വിള, അത് അതിന്റെ തൈ പുറപ്പെടുവിച്ചു; എന്നിട്ട് അതിനെ ബലപ്പെടുത്തി; എന്നിട്ട് അത് തടിച്ചു കൊഴുത്തു; അങ്ങനെ അത് അതിന്റെ തണ്ടുകളിൽ നിവർന്നു നിന്നു; അത് കൃഷിക്കാരെ സന്തോഷിപ്പിക്കുന്നു; സത്യനിഷേധികളെ അതുകൊണ്ട് അവൻ കോപിപ്പിക്കാൻ വേണ്ടിയാണ് ഇത്. അവരിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു പാപമോചനവും വലിയ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു."
സ്വഹാബികൾക്കിടയിൽ സ്വാർത്ഥ താൽപര്യം മുന്നിർത്തി ഏറ്റവ്യത്യാസം കൽപ്പിച്ച ശിയാക്കളും അവരിൽ ചിലരെ കാഫിറുകളാക്കിയ ഖവാരിജ് വിഭാഗവുമാണ് ചരിത്രത്തിലെ ഏറ്റവും കടുത്ത വ്യതിചലിത സാമൂഹിക പ്രസ്ഥാനങ്ങൾ .
ഇപ്പോൾ മുസ്ലിം ലോകത്ത് നിലനിൽക്കുന്ന തീവ്രചിന്താഗതിക്കാരായ മുസ്‌ലിം റാഡിക്കൽ പ്രസ്ഥാനങ്ങളുടെ - ഇഖ്വാനിസം , സലഫിസം etc -ആശയ തലം ചരിത്രത്തിലെ ബിദഈ ചിന്താഗതികൾ തന്നെയാണ് .അത്തരം നവീനാശയക്കാർ വെച്ച് പുലർത്തുന്ന ചില പൊതുവായ പ്രവണതകൾ ഹൃസ്വമായി പരിശോധിക്കാം .
* ജിഹാദിന്റെ തെറ്റായ വ്യാഖ്യാനം
ഇസ്ലാമിലെ ജിഹാദിന്റെ ആശയത്തെ അവർ തെറ്റായി വ്യാഖ്യാനിക്കുകയും, നിരപരാധികളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഭീകര പ്രവർത്തനങ്ങൾക്ക് ന്യായീകരണം നൽകുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:
*وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۗ وَمَنْ قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِفْ فِي الْقَتْلِ ۖ إِنَّهُ كَانَ مَنْصُورًا*
( الإسراء : 33)
"അന്യായമായിട്ടല്ലാതെ അല്ലാഹു പവിത്രമാക്കിയ ജീവനെ നിങ്ങൾ കൊല്ലരുത്. ആരെങ്കിലും അന്യായമായി കൊല്ലപ്പെട്ടാൽ അവന്റെ രക്ഷാധികാരിക്ക് നാം അധികാരം നൽകിയിരിക്കുന്നു. എന്നാൽ അവൻ കൊലയിൽ അതിരുകവിയരുത്. തീർച്ചയായും അവൻ സഹായിക്കപ്പെടുന്നവനാണ്."
* ഭരണകൂടങ്ങളെയും നിയമങ്ങളെയും ധിക്കരിക്കൽ
നിലവിലുള്ള മുസ്ലിം ഭരണകൂടങ്ങളെയും രാജ്യങ്ങളിലെ നിയമങ്ങളെയും മുസ്ലിം സമൂഹം സന്ധി ചെയ്ത ഭരണഘടനാത്മക മതേതര സംവിധാനങ്ങളെയും അവർ അംഗീകരിക്കുന്നില്ല. തങ്ങളുടെതായ ഒരു "ഇസ്ലാമിക രാഷ്ട്രം" സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നു. പ്രവാചകൻ(സ) പറഞ്ഞു:
"നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക, ഒരു അടിമയെ നിങ്ങളിൽ നേതാവായി നിയമിച്ചാൽ പോലും, അവൻ അല്ലാഹുവിന്റെ കൽപ്പനയനുസരിച്ച് നിങ്ങളെ നയിക്കുന്നിടത്തോളം." (ബുഖാരി)
അസഹിഷ്ണുതയും വിഭാഗീയതയും
വ്യത്യസ്ത ചിന്താഗതികളോടുള്ള അസഹിഷ്ണുതയും, മുസ്ലിം സമൂഹത്തിൽ വിഭാഗീയത വളർത്താനുള്ള ശ്രമങ്ങളും ഇവരുടെ മുഖമുദ്രയാണ്. അല്ലാഹു പറയുന്നു:
*وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِنْ بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ*
( آل عمران : 105)
"നിങ്ങൾക്ക് വ്യക്തമായ തെളിവുകൾ വന്നതിനു ശേഷം ഭിന്നിക്കുകയും ഭിന്നത പുലർത്തുകയും ചെയ്തവരെപ്പോലെ നിങ്ങൾ ആകരുത്. അവർക്കാണ് വലിയ ശിക്ഷയുള്ളത്."
ഈ തീവ്രവാദ ഗ്രൂപ്പുകൾ അഹ്ലുസ്സുന്നയുടെ സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും ഐക്യത്തിന്റെയും തത്വങ്ങൾക്ക് കടകവിരുദ്ധമാണ്. അവരുടെ പ്രവർത്തനങ്ങൾ ഇസ്ലാമിന്റെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിൽ തെറ്റായി അവതരിപ്പിക്കാൻ ഇടയാക്കുന്നു.
* ലിബറൽ / വ്യക്തിസ്വാതന്ത്ര്യവാദചിന്താഗതികളെ ആലിംഗനം ചെയ്യൽ .
പശ്ചാത്യ - ഭൗതിക വാദം മുന്നോട്ടി വെക്കുന്ന അനുഭവമാത്ര വാദമടിസ്ഥാനത്തിൽ ഇസ്‌ലാമിക് മോഡേണിസ്റ്റുകൾ ഖുർആനിനെ വ്യാഖ്യാനിക്കുന്നു .
അമാനുഷിക സംഭവങ്ങളെ നിഷേധിക്കുന്നു.
വഹ്യ് പോലും മാനസികാനുഭവങ്ങളാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. മറ്റു ചിലർ ഹദീഥ് നിഷേധികളാവുന്നു .
സുന്നത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ഖുർആൻ മാത്ര വാദികളാവുന്നവർ സത്യത്തിൽ വഹ്യിനെ തന്നെയാണ് നിഷേധിക്കുന്നത്.
*وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ*
( الجاثية : 18)
"അറിവില്ലാത്തവരുടെ താൽപര്യങ്ങളെ നീ പിന്തുടരരുത്."
പ്രവാചകൻ(സ) പറഞ്ഞു:
"ആരെങ്കിലും ഒരു ജനതയെ അനുകരിച്ചാൽ അവൻ അവരിൽപ്പെട്ടവനാണ്." (അബൂ ദാവൂദ്)
ഈ ലിബറൽ ചിന്താഗതികൾ അഹ്ലുസ്സുന്നയുടെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് വ്യതിചലിക്കുകയും, ദീനിന്റെ തനിമയെയും പവിത്രതയെയും ചോദ്യം ചെയ്യുകയും ചെയ്യുന്നു.
ചില ലിബറൽ മുസ്ലിം ചിന്തകർ ഖുർആനിലെ ചില നിയമങ്ങളെയും സുന്നത്തിലെ ചില ഹദീസുകളെയും കാലഹരണപ്പെട്ടതായി വാദിക്കുകയും, അവയെ ആധുനിക ലോകത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:
*إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ*
( الحجر : 9)
"തീർച്ചയായും നാമാണ് ഈ ഉൽബോധനം അവതരിപ്പിച്ചത്; തീർച്ചയായും നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നതാണ്."
പ്രവാചകൻ(സ)യുടെ സുന്നത്തിനെക്കുറിച്ച് അല്ലാഹു പറയുന്നു:
*وَمَا يَنْطِقُ عَنِ الْهَوَىٰ - إِنْ هُوَ إِلَّا وَحْيٌ يُوحَىٰ*
( النجم : 3-4)
"പ്രവാചകൻ തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അദ്ദേഹത്തിന് നൽകപ്പെടുന്ന ഒരു ബോധനം മാത്രമാണ്."
ഖുർആനിനെയും സുന്നത്തിനെയും ചോദ്യം ചെയ്യുന്നത് അല്ലാഹുവിന്റെയും റസൂലിന്റെയും വാക്കുകളെ നിഷേധിക്കുന്നതിന് തുല്യമാണ്.
അത്തരക്കാർ , മുൻകാല പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളെയും അവരുടെ ഇജ്മാഇനെയും (ഏകാഭിപ്രായം) പരിഗണിക്കാതെ, സ്വന്തം യുക്തിക്കും താൽപര്യങ്ങൾക്കും അനുസരിച്ച് ദീനിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. ദീനിന്റെ കാര്യങ്ങളിൽ അറിവുള്ളവരോട് ചോദിച്ചറിയണമെന്ന് അല്ലാഹു കൽപ്പിക്കുന്നു:
*فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ*
( النحل : 43)
"അതിനാൽ നിങ്ങൾ അറിയാത്തവരാണെങ്കിൽ അറിവുള്ളവരോട് ചോദിച്ചറിയുക."
ഒക്കേഷണലിസം .
അസാധാരണ കാര്യങ്ങളെക്കുറിച്ച് നേരത്തെ നാം മനസ്സിലാക്കിയല്ലോ. അഞ്ച് - ആറ് തരമാണ് അസാധാരണ കാര്യങ്ങൾ . അവയെ സംബന്ധിച്ച് ഉയർന്ന ക്ലാസുകളിൽ നിന്ന് പഠിക്കാം . എന്നാൽ , നമ്മുടെ ഇമാം , ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദ് അൽ ഗസ്സാലി ( റ ) അടക്കമുള്ളവർ നേരത്തെ പഠിപ്പിച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ആധുനിക ഭൗതിക ശാസ്ത്രവും പറയുന്നത് .
പ്രകൃതിനിയമങ്ങൾ സ്ഥായിയും അലംഘനീയവുമാണെന്നായിരുന്നു ക്ലാസിക്കൽ ഫിസിക്സ് ( Newtonian / deterministic physics) നിരീക്ഷിച്ചത് . കാരണങ്ങൾ ഒരുമിച്ച് കൂടിയാൽ പ്രതീക്ഷിത കാര്യം പതിവ് പോലെ ആവർത്തിക്കൽ നിർബന്ധമാണ് - Cause and effects - എന്ന തത്വം കാലങ്ങളായി നിരാക്ഷേപം അംഗീകരിക്കപ്പെട്ടതാണ് .
Universal law of Regularity എന്ന ഈ തത്വമനുസരിച്ച് 100 ° സെൽഷ്യസ് ചൂടേറ്റാൽ തിളക്കാതിരിക്കാൻ തണുത്ത വെള്ളത്തിന് പറ്റില്ല .നിശ്ചിതവാദം ( Determinism) എന്നാണതിൻ്റെ സാങ്കേതിക നാമം . അരിസ്‌റ്റോട്ടിൻ്റെ കാര്യകാരണ നിർബന്ധ സിദ്ധാന്തവും (Aristotle's Doctrine of the Four Causes) അതേ നിരീക്ഷണം മുന്നോട്ട് വെച്ചു . എന്നാൽ അഖീദയുടെ പണ്ഡിതന്മാർ, പ്രകൃതിയിലെ അത്തരം ആവർത്തനങ്ങൾ ഒരു Universal law അല്ലെന്നും കേവലം عادة ( Custom ) മാത്രമാണെന്നും പറഞ്ഞ് കൊസാലിറ്റി ഉണ്ടെങ്കിലും Cause and effects നിർബന്ധമല്ലെന്ന് തീർത്ത് പറഞ്ഞിരുന്നു.
قال الإمام فخر الدين الرازي رحمه الله
النار لا تحرق بذاتها، بل بعادة أجراها الله، ومع ذلك نرى الأسباب والمسببات متلازمة.
(المطالب العالية)
ഫിലോസഫിയിൽ Occasionalism എന്നാണ് ആ സമീപനത്തിൻ്റെ പേര്. David Hume , Bertrand Russell തുടങ്ങിയ ഫിലോസഫേഴ്സ് നേരത്തെ തന്നെ ഒക്കേഷണലിസമാണ് യുക്തം എന്ന് പറഞ്ഞിരുന്നു.
ഇപ്പോൾ ശാസ്ത്രലോകവും പ്രപഞ്ചനിയമങ്ങൾ Indeterministic അഥവാ ഒന്നും പൂർവ്വ നിശ്ചിതമല്ല എന്നാണ് പറയുന്നത്. Philosophy of Science ൻ്റെ ചർച്ച അനുദിനം വികസിക്കുകയാണ് .Uncertainty Theory ( most commonly represented by Heisenberg's Uncertainty Principle) പ്രകാരം Classical Physics ൽ നിന്ന് പ്രപഞ്ച വായന Quantum Physics (Quantum Mechanics) ലേക്ക് പുരോഗമിക്കുന്തോറും പ്രപഞ്ചത്തിലെ ഒരു അസ്ഥിത്വത്തിനും സ്ഥായിയായ നിയമങ്ങളില്ല എന്ന് നിരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്നു .
തീ പതിച്ചാൽ കരിയണം എന്നില്ല, ആപ്പിൾ താഴേക്ക് തന്നെ പതിക്കണം എന്നില്ല , ഇപ്പോൾ കേരളത്തിൽ കാണപ്പെടുന്ന വ്യക്തി അടുത്ത സെക്കൻ്റിൽ അമേരിക്കയിൽ കാണപ്പെടാം, 100° സെൽഷ്യസ് ചൂടേറ്റാലും വെള്ളം തണുത്ത് തന്നെ ഇരിക്കാം എന്നുമൊക്കെ ശാസ്ത്രം തന്നെ ഗണിതഭാഷയിൽ വിശദീകരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് .
Occasionalism is the belief that created things are not the true causes of events. Instead, God is the only real cause, and what we observe as causation between created things is just an occasion for God to exert His power.
അസ്സീറിയൻ ഏകാധിപതി അഗിനികുണ്ഡത്തിലെറിഞ്ഞിട്ടും സുസ്മേര വദനനായി പുറത്തുവന്ന ഇബ്റാഹീം ( അ ) ഉം മദീനയിലെ മസ്ജിദ് മിമ്പറിൽ നിന്ന് ഇറാനിലെ നഹാവന്ദിലെ സൈന്യാധിപന് നിർദ്ദേശം നൽകിയ ഖലീഫ ഉമർ ( റ ) ഉം 'കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ ഖൽബകം കാണാൻ പറ്റിയ ' അബ്ദുൽ ഖാദിർ ജീലാനി ( റ ) ഒക്കെ യുക്തിസംഗതമാവുന്ന വിശദീകരണങ്ങൾ ശാസ്ത്രം തന്നെ മുന്നോട്ട് വെക്കുകയാണ് .
നാം നേരത്തെ പഠിച്ചത് മറക്കരുത് , ശാസ്ത്രം അംഗീകരിക്കലോ അംഗീകരിക്കാതിരിക്കലോ അല്ല ഇസ്‌ലാമിക - അശ്അരീ വിശ്വാസം ശരിയാണ് എന്നതിനുള്ള തെളിവ് .

Loading comments...
Leave a Reply